ടെസ്‌റ്റ് ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററായി പൂജാര
ഇന്ത്യൻ ടെസ്‌റ്റ് സ്പെഷ്യലിസ്‌റ്റ് ചേതേശ്വർ പൂജാര, ടെസ്‌റ്റ് ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററായി മാറി . ബംഗ്ളാദേശിലെ ധാക്കയിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.
ഇന്ന് രാവിലെ ബാറ്റിങ് ആരംഭിക്കുന്നതിന് മുമ്പ് പൂജാര ഈ നാഴികക്കല്ലിൽ നിന്ന് 16 റൺസ് മാത്രം അകലെയായിരുന്നു. നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വിവിഎസ് ലക്ഷ്‌മൺ, വീരേന്ദർ സെവാഗ്, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി എന്നിവരാണ് ദൈർഘ്യമേറിയ ഫോർമാറ്റിൽ 7000ത്തിലധികം റൺസ് നേടിയ മറ്റ് ഇന്ത്യൻ ബാറ്റർമാർ.
2022 ആദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പൂജാരയ്ക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്‌ടമായിരുന്നു. പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഹോം ടെസ്‌റ്റുകൾ നഷ്‌ടമായതിന് ശേഷം, ഇംഗ്ലീഷ് കൗണ്ടിയിൽ സസെക്‌സിനായി അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്‌റ്റിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പൂജാര അന്നുമുതൽ ടീമിന്റെ ഭാഗമാണ്.