വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ചണ്ഡീഗഢ്: മദ്യദുരന്തം ഒഴിവാക്കാന്‍ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നല്ല മദ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനധികൃത മദ്യനിര്‍മ്മാണം കണ്ടെത്തി നശിപ്പിക്കാന്‍ പൊലീസ് പ്രാദേശിക തലത്തില്‍ രഹസ്യാന്വേഷണ വിഭാഗവും ശക്തമാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അജിത് സിന്‍ഹ ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
പഞ്ചാബിലെ എക്സൈസ്, നികുതി വകുപ്പാണ് ഇക്കാര്യം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. വര്‍ഷങ്ങളായി സംസ്ഥാന അതിര്‍ത്തികളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ഭട്ടികളില്‍ അനധികൃതമായി വാറ്റിയ മദ്യം വില്‍ക്കുന്നത് വ്യാപകമാണെന്നും ഇത്തരം മദ്യം കുടിക്കുന്നതിനെതിരെയും പ്രത്യാഘാതങ്ങള്‍ക്കെതിരെയും സംസ്ഥാനം പൊതുബോധവല്‍ക്കരണ കാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. തരണ്‍ തരണ്‍, അമൃത്‌സര്‍, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളില്‍ 2020ലെ മദ്യ ദുരന്തങ്ങളില്‍ കുറ്റക്കാരായ മദ്യമാഫിയയ്‌ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ കൃത്യമായ നടപടിയെടുത്തില്ലെന്ന ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കിയത്.