സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ ‘പുതുപ്പള്ളി സാധു’വിനെ പുറത്തെത്തിച്ചു
കോതമംഗലത്ത് നടന്ന സിനിമ ചിത്രീകരണത്തിനിടെ കാടിനുള്ളിലേക്ക് കയറിയ ‘പുതുപ്പള്ളി സാധു’ എന്ന നാട്ടാനയെ അവസാനം കണ്ടെത്തി. വനത്തിന്റെ അതിർത്തിയിൽ നിന്നും 200 മീറ്റര്‍ അകലെ കണ്ടെത്തിയ ആനയെ പാപ്പാന്‍മാര്‍ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു.
കൂടെ ഉണ്ടായിരുന്ന നാട്ടാനയായ മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടിന് സമീപം കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള വടാട്ടുപാറയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്.
ആകെ അഞ്ച് ആനകളെയാണ് ഉപയോഗിച്ചത്. അതിലെ രണ്ടാനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പുതുപ്പള്ളി സാധുവും, തടത്താവിള മണികണ്ഠന്‍ എന്ന ആനയുമാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. കഴിഞ്ഞ ദിവസം രാത്രി വരെ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.
രാത്രിയിൽ കാടിനുള്ളിലെ തിരച്ചിൽ അപകടമായതിനാലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. തെലുങ്കിലെ വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് അഞ്ച് ആനകളെ എത്തിച്ചിരുന്നത്.