പിവി അൻവർ 5 കോടി നഷ്ടപരിഹാരം നല്‍കണം; വക്കീൽ നോട്ടീസുമായി വിനു വി ജോൺ

single-img
3 September 2024

പിവി അൻവർ എംഎൽഎ തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ വക്കീൽ നോട്ടീസ് അയച്ചു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്.

പിവി അൻവർ കഴിഞ്ഞ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വിനു വി. ജോണിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ഭാരതീയ ന്യായ സംഹിതയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരായ 356-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ആണ് അൻവർ ഉന്നയിച്ച വ്യാജ ആരോപണം.

അൻവറിന്റെ ചില നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പല തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ വ്യാജ ആരോപണം. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സത്യം ജനങ്ങളെ അറിയിക്കുന്ന വ്യക്തിയെ യാഥാർഥ്യത്തിന്റെ കണികപോലും ഇല്ലാത്ത കഥയിലൂടെ ഹനിക്കാനാണ് അൻവറിന്റെ ഉദ്ദേശം. സംസ്ഥാനത്തെ പ്രശസ്‌തനായ മാധ്യമ പ്രവർത്തകനെ സ്വഭാവഹത്യ നടത്താനുള്ള ശ്രമം ആണ് അൻവർ നടത്തിയതെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി.