പിവി അൻവർ പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്തി: എ വിജയരാഘവൻ
പിവി അൻവർ എംഎൽഎയ്ക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. പിവി അൻവർ പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്തിയെന്നും പ്രസ്താവനകൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കിയെന്നും എ വിജയരാഘവൻ വിമർശിച്ചു.
സംസ്ഥാനത്തിന്റെ മതനിരപേക്ഷ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയമാണ് . അത്രമാത്രം സ്വീകാര്യതയുള്ള ഈ സർക്കാരിനെ ശക്തിപ്പെടുത്തുക ആണ് വേണ്ടത്. എന്നാൽ, നിർഭാഗ്യവശാൽ അൻവറിൻറെ നിലപാട് അതിനെതിരാണ്.സർക്കാരിനെയും പാർട്ടിയെയും ദുർബലപ്പെടുത്തുന്ന പ്രസ്താവനകളാണ് അൻവറിൻറെ ഭാഗത്തുനിന്നുണ്ടായത്.
അദ്ദേഹത്തിന്റെ പ്രസ്താവനകൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കി. ഇടതു പക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടാണ് അൻവർ എടുത്തത്. പി വി അൻവർ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മറുപടി നൽകി. സർക്കാർ ഈ കാര്യത്തിൽ എടുത്ത നടപടികൾ മുഖ്യൻ വ്യക്തമാക്കിയതോടെ ആ വിഷയങ്ങൾക്ക് വ്യക്തത വന്നിട്ടുണ്ട്.
എന്നാൽ കാര്യങ്ങൾ വ്യക്തമാക്കിയതിന് ശേഷവും അൻവർ പ്രതികരിക്കുന്നത് ശരിയല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന സർക്കാരാണ് നമ്മുടേത്.വിവിധ മേഖലയിലുള്ള ആളുകളെ ഇടതുപക്ഷത്തോടെ അടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സർക്കാരിനെ കുറിച്ച് തെറ്റായ ധാരണകൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ ആളുകൾ ഇടതുപക്ഷത്തു നിന്ന് അകന്നുപോകും.
പിവി അൻവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തുമ്പോൾ പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്.അത് ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാക്കും. അത്തരം പ്രവർത്തനങ്ങൾ ആരും നടത്തിയാലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.