പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി വീണാ ജോർജ്

single-img
6 September 2022

പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് . വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായകളില്‍ നിന്നുള്ള കടിയേറ്റ് മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും കെ.എം.എസ്.സി.എല്‍. ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കെ.എം.എസ്.സി.എല്‍-നോട് വീണ്ടും വാക്‌സിന്‍ പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കത്തിലൂടെ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം രൂപീകരിച്ച വിദഗ്ധ സമിതി വാക്‌സിനെടുത്തവരില്‍ ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിച്ച് ഫലപ്രദമാണോയെന്നത് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.