വിരമിക്കല്‍ സൂചന നല്‍കി ആർ അശ്വിൻ

single-img
30 September 2023

ഇത്തവണ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിലെത്തിയ അപ്രതീക്ഷിത താരമാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഏഷ്യാ കപ്പിനിടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടറായ അക്സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിന്‍ അപ്രതീക്ഷിതമായി ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയത്.

തികച്ചും അപ്രതീക്ഷിതമായാണ് തൻ ഈ ലോകകപ്പ് ടീമിലെത്തിയതെങ്കിലും കളിക്കുന്ന ഓരോ നിമിഷവും ആസ്വദിച്ച് കളിക്കാനാണ് താന്‍ ശ്രമിക്കുന്നത് അശ്വിന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് അസ്വദിച്ച് കളിക്കാനാണ് ശ്രമിക്കാറുള്ളത്. ഈ ലോകകപ്പിലും അങ്ങനെയായിരിക്കും. ഒരുപക്ഷെ ഇതെന്‍റെ അവസാന ലോകകപ്പായിരിക്കും-ഗുവാഹത്തിയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് മുന്നോടിയായി അശ്വിന്‍ പറഞ്ഞു.

ജീവിതം എല്ലായ്പപ്പോഴും അത്ഭുതങ്ങളുടേതാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഈ ലോകകപ്പില്‍ ഞാന്‍ കളിക്കുമെന്ന് പറഞ്ഞാല്‍ എല്ലാവരും അത് തമാശയായി തള്ളിക്കളഞ്ഞേനെ. എന്നാല്‍ സാഹചര്യങ്ങള്‍ എന്നെ ഇവിടെ എത്തിച്ചു. ടീം മാനേജ്മെന്‍റും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും എന്നിലര്‍പ്പിച്ച വിശ്വാസമാണ് അതില്‍ പ്രധാനം. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുകയാണ് പ്രധാനം. ഇന്ത്യന്‍ കുപ്പായത്തില്‍ എന്‍റെ അവസാന ലോകകപ്പായിരിക്കും ഇത്. അതുകൊണ്ടുതന്നെ അത് ആസ്വദിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്- അശ്വിന്‍ പറഞ്ഞു.