ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആർ ബിന്ദു

single-img
12 November 2022

സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആർ ബിന്ദു. ജനാധിപത്യപരമായി അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു. ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാൽ അപ്പോൾ നോക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്ബോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. ബില്‍ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്ന് പി രാജീവ് പറഞ്ഞു.

ബില്‍ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാന്‍ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവര്‍ണര്‍ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കില്‍ അതു മുന്‍വിധിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു.

നയപ്രഖ്യാപനം ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. തുടങ്ങാന്‍ തീരുമാനിച്ചാലല്ലേ നീട്ടാനാവൂ എന്ന്, ചോദ്യത്തിനു മറുപടിയായി പി രാജീവ് പറഞ്ഞു.