ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രോഹിത് വെമുലയുടെ അമ്മ
കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. തെലങ്കാനയിലാണ് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല യാത്രയുടെ ഭാഗമായത്.
”രോഹിത് വെമുലയ്ക്ക് നീതിവേണം. രോഹിത് ആക്ട് പാസാക്കണം. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം എല്ലാ മേഖലയിലും വർധിപ്പിക്കണം. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യമുണ്ടാവണം”. – രാധിക വെമുല ട്വീറ്റ് ചെയ്തു.
അതേസമയം സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുലയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് കരുത്തും പുത്തൻ ധൈര്യവും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 ജനുവരി 17നാണ് ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. തുടർന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുണ്ടായിരുന്നു.