കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കി പ്രവർത്തിക്കണം; വടക്കേ ഇന്ത്യന്‍ സമീപനം കേരളത്തിലും വേണമെന്ന് കെ സുരേന്ദ്രൻ


തീവ്രഹിന്ദുത്വം കേരളത്തിലും അജണ്ടയാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ച വേണ്ടെന്ന് ബിജെപി സംസ്ഥാന ഘടകം . വടക്കേ കേരളത്തില്‍ മാത്രമായൊരു സമീപമാറ്റം പറ്റില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് .
ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശനിയാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. പാലക്കാട് നടന്ന ബിജെപി സംസ്ഥാന ശിബിരത്തില്‍ ഹിന്ദുത്വത്തിന്റെ അളവ് എത്രത്തോളമാകാമെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ സ്വീകരിക്കുന്ന സമീപനം കേരളത്തില്‍ വിലപ്പോകില്ലെന്നായിരുന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടതോടെയാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ കേരളത്തില്‍ 10 ശതമാനത്തോളമാണ് ബിജെപി വോട്ടെന്നും ബാക്കിയുള്ളവരെക്കൂടി ഒപ്പം കൂട്ടണമെങ്കില്‍ നയവ്യതിയാനം വേണമെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഹിന്ദുത്വം പറഞ്ഞ് തന്നെ പ്രവര്‍ത്തനം നടത്തേണ്ടതും സജീവമാക്കേണ്ടതും വിഎച്ച്പിയും ഹിന്ദു ഐക്യവേദിയും ഉള്‍പ്പെടുന്നവരാണെന്ന് ചില പ്രതിനിധികള്‍ നിര്‍ദേശിച്ചെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് അതിനെ തള്ളുകയായിരുന്നു.