എ ഐ സാങ്കേതിക വിദ്യയാൽ അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ച് റഹ്മാൻ
ഇന്ത്യൻ സംഗീതരംഗത്തിൽ എ.ഐ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. അതിന് കാരണം സാക്ഷാൽ എ.ആർ. റഹ്മാനും . ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാൽ സലാം എന്ന സിനിമയിലെ ഗാനങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരാണ്.
രണ്ടുപേരുടെയും ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ പുനസൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയിൽ ഈ രീതിയിൽ ഒരു പരീക്ഷണം ആദ്യമായാണെന്നാണ് വിലയിരുത്തൽ. സ്നേഹൻ ആണ് ഗാനത്തിന് വരികളെഴുതിയത്.
ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും ഇതേ ഗാനത്തിൽ പാടിയിട്ടുണ്ട്. നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എ.ആർ. റഹ്മാന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്.
എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ ബാക്കിയ. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്.
‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താളമയം’, ‘ബിഗിൽ’, ‘ഇരൈവിൻ നിഴൽ’ തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റുഗാനങ്ങൾ. ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.
അതേസമയം എ.ആർ. റഹ്മാന്റെ പ്രിയഗായകൻ കൂടിയായിരുന്ന ഷാഹുൽ ഹമീദ് ചെന്നൈയിലുണ്ടായ കാറപകടത്തിൽ 1997-ലാണ് അന്തരിച്ചത്. ശങ്കറിന്റെ ജെന്റിൽമാൻ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെൺകുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എൻ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊർവസി ഊർവസി, പെട്ടാ റാപ്പ്, ജീൻസിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.