പൊതുമുതൽ നശിപ്പിച്ചിട്ടില്ല, ശബരിമല പ്രക്ഷോഭം സമാധാനപരം; കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് രാഹുൽ ഈശ്വർ
സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ. ശബരിമലയ്ക്ക് അനുകൂലമായി സർക്കാരുകൾ എത്തിയ സാഹചര്യത്തിൽ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുകയായിരുന്നു.
തനിക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കേസുകൾ സൗഹാർദപരമായി തീർക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ശരിയല്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സമാധാനപരമായി നടന്നതാണ് ശബരിമല സമരമെന്നും പൊതുമുതൽ ഒന്നും നശിപ്പിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ മാത്രമാണ് ഉണ്ടായതെന്നും രാഹുൽ പറയുന്നു.