പ്രധാനമന്ത്രി സ്ഥാനത്തിന് രാഹുൽ ഗാന്ധി അർഹൻ; പ്രശംസയുമായി മെഹബൂബ മുഫ്തി
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തിന് അർഹനാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരേക്കാൾ മികച്ച കാഴ്ചപ്പാടാണ് രാഹുലിനുള്ളതെന്നും മുഫ്തി വ്യക്തമാക്കി.
“മഹാത്മാഗാന്ധി രാജ്യത്തിനായി തന്റെ ജീവൻ ബലിയർപ്പിച്ചു, മുത്തച്ഛൻ ജയിലിൽ പോയി, മുത്തശ്ശിയും അച്ഛനും ജീവൻ നൽകിയ ഇന്ത്യ എന്ന ആശയം എങ്ങനെ സംരക്ഷിക്കാം എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത. ഈ സമയത്ത് അദ്ദേഹത്തിന്റെ ആവേശം അതുതന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ ഒരു പ്രധാനമന്ത്രിക്ക് അഭിനിവേശമുണ്ടെങ്കിൽ അതിൽ കൂടുതൽ എന്താണ് വേണ്ടത്?”. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഫ്തി പറഞ്ഞു.
ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഫ്തി കടന്നാക്രമിച്ചു. പ്രധാനമന്ത്രിയാകാനുള്ള മാനദണ്ഡം നിരക്ഷരനാകുകയാണോ അതോ ഗോരക്ഷകർ എങ്ങനെയാണ് ജനങ്ങളെ തല്ലിക്കൊന്നത് എന്നുള്ളതാണോ? ഇതൊഴിച്ചാൽ ഒരു കാഴ്ചപ്പാടും മോദിക്ക് ഇല്ലെന്ന് മുഫ്തി വ്യക്തമാക്കി.
സഖ്യമായ ഇന്ത്യ പ്രതിപക്ഷ ബ്ലോക്കിലെ മറ്റ് പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഖങ്ങളെക്കുറിച്ചും മുഫ്തി പ്രതികരിച്ചു. “തീർച്ചയായും, പ്രധാനമന്ത്രി സ്ഥാനത്തേക്ക് അർഹതയുള്ള നിരവധി മുഖങ്ങളുണ്ട് ഇന്ത്യ സഖ്യത്തിൽ. എന്നാൽ ബിജെപിക്ക് ഒരു മുഖമേയുള്ളൂ, ഇന്ത്യ സഖ്യത്തിൽ ആണെങ്കിൽ നിതീഷ്, മമത, സ്റ്റാലിൻ എന്നിങ്ങനെ നിരവധി പേരുണ്ട്”. പ്രധാനമന്ത്രിയായാലും ഇല്ലെങ്കിലും രാഹുലിന് വിഷമമില്ലെന്ന് മുഫ്തി കൂട്ടിച്ചേർത്തു. ഇന്ത്യാ സഖ്യം കൃത്യമായ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും മതാന്ധതയ്‌ക്കെതിരായ ഈ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും മുഫ്തി കൂട്ടിച്ചേർത്തു.