ജോഡോ യാത്രയ്ക്കിടയിൽ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി ചെന്നില്ല; മാപ്പ് പറയേണ്ടിവന്ന് ശശി തരൂരും കെ സുധാകരനും
ജോഡോ യാത്രകടന്നുപോകുന്ന വഴിയിൽ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റ രാഹുല്‍ ഗാന്ധി പോകാതിരുന്നത് വിവാദമാകുന്നു.
മുൻകൂട്ടി അറിയിച്ച സ്ഥലത്തുതന്നെ ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെഇ മാമന്‍റെയും ബന്ധുക്കളും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശശി തരൂരും ഉൾപ്പെടെയുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി എത്തിയില്ല.
ഇതുപോലെയുള്ള തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂര്‍ തുറന്നു പറയുകയും നിംസ് എംഡിയോട് കെപിസിസി അദ്ധ്യക്ഷന്‍ ക്ഷമാപണം നടത്തുകയും ചെയ്തു. അടുത്തിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ ഇവിടേക്ക് എത്തി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. യാത്രയുടെ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.
എന്നാൽ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയെങ്കിലും രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം എന്തായാലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി മാറി .ഇതൊക്കെ പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞത്. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്യുകയായിരുന്നു.