വയനാട്ടിൽ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്ക് 9.24 കോടിയുടെ ആസ്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്ക് 9.24 കോടിയുടെ ആസ്തി. ഇന്ന് സമർപ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വരുമാനത്തിന്റെയും സ്വത്ത് വിവരങ്ങളുടെയും വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ തന്റെ വരുമാനം 1.02 കോടിയാണെന്നും സത്യവാങ്മൂലത്തില്‍ പ്രഖ്യാപിച്ചു. പണം, ചെക്ക് വിശദാംശങ്ങള്‍, ഇക്വിറ്റികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സേവിംഗ്സ് അക്കൗണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നായാണ് 9.24 കോടി രൂപയുടെ ആസ്തി. വാടക, എംപി ശമ്പളം, റോയല്‍റ്റി വരുമാനം, ബാങ്കുകളില്‍ നിന്നുള്ള പലിശ, ബോണ്ടുകള്‍, ലാഭവിഹിതം, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ഓഹരികളില്‍ നിന്നുമുള്ള മൂലധന നേട്ടം എന്നിവയില്‍ നിന്നാണ് മറ്റു വരുമാനം ലഭിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 15 വരെ കൈവശം 55,000 രൂപയും ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടില്‍ 26 ലക്ഷം രൂപയുമുണ്ട്. വിവിധ ഓഹരി വിപണികളില്‍ 4.33 കോടിയും മ്യൂച്വല്‍ ഫണ്ടുകളില്‍ 3.81 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍, കാര്‍ഷികേതര, കൃഷിഭൂമി എന്നിവയുള്‍പ്പെടെ 11.15 കോടിയുടെ സ്ഥാവര സ്വത്തുക്കളും അദ്ദേഹം പ്രഖ്യാപിച്ചു.