അപ്പീൽ നൽകാൻ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ എത്തിയേക്കും എന്ന് കോൺഗ്രസ്
2 April 2023
2019-ൽ കോലാറിൽ നടന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപ്പീൽ നൽകും. തിങ്കളാഴ്ച സൂറത്ത് കോടതിയിൽ നേരിട്ട് ഹാജരായി അപ്പീൽ നൽകാനാണ് ആലോചിക്കുന്നത് എന്നാണു കോൺഗ്രസ് പറയുന്നത്.
ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടമായിരുന്നു. ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് അപകീർത്തിപ്പെടുത്തൽ കുറ്റം ചുമത്തി രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത്.
ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യം അനുവദിച്ചിരുന്നു.