നോട്ടു നിരോധനത്തെ കുറിച്ച് നമ്മൾ സംസാരിക്കാൻ തുടങ്ങിയാൽ മൈക്ക് ഓഫാകും; പാർലമെൻറിൽ സംഭവിക്കുന്നത് പറഞ്ഞു രാഹുൽ ഗാന്ധി
ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഉയർത്തുമ്പോൾ സംഭവിക്കുന്ന പാർലമെൻറിലെ മൈക്ക് ഓഫ് നടപടി ഉദാഹരണ സഹിതം കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
ഇന്ന് മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന ഭാരത് ജോഡോ യാത്ര സ്വീകരണത്തിലാണ് കേന്ദ്രത്തെ രാഹുൽ രസകരമായി വിമർശിച്ചത്. ‘എന്താണ് അവർ ചെയ്യുന്നതെന്ന് നോക്കൂ… നോട്ടു നിരോധനത്തെ കുറിച്ച് നമ്മൾ സംസാരിക്കാൻ തുടങ്ങിയാൽ മൈക്ക് ഓഫാകും, ഇതുപോലെ’ ഇത്രയും പറഞ്ഞ് രാഹുൽ മൈക്ക് ഓഫാക്കി. പിന്നാലെ പുഞ്ചിരിയോടെ മൈക്ക് ഓണാക്കി.
‘ഇവിടെ എനിക്ക് നിയന്ത്രണമുണ്ട്. എന്നാൽ പാർലമെൻറിൽ ഇതുപോലെ മൈക്ക് ഓഫാക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് നാം ആശ്ചര്യപ്പെട്ടിരിക്കും’.’ചൈനീസ് പട്ടാളം നമ്മുടെ 2000 സ്‌ക്വയർ കിലോമീറ്റർ കീഴടക്കി, അപ്പോൾ മൈക്ക് ഓഫാക്കി’ രാഹുൽ കുറ്റപ്പെടുത്തി. ‘അപ്പോൾ നമ്മൾ എന്തു പറയുന്നുവെന്നതിൽ കാര്യമില്ലല്ലോ. ആരും ഒന്നും കേൾക്കില്ല, കാണില്ല. മൈക്ക് ഓഫല്ലേ’ കോൺഗ്രസ് സോഷ്യൽ മീഡിയ തലവ സുപ്രിയ ശ്രീനേറ്റ് പങ്കുവെച്ച വീഡിയോയിൽ രാഹുൽ പറഞ്ഞു.
ഇതോടൊപ്പം തന്നെ , കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിയെയും ഷീഡിയെയും തങ്ങൾ ഭയക്കുന്നില്ലെന്നും രാഹുൽ പറഞ്ഞുരാജ്യത്തെ വർദ്ധിക്കുന്ന പണപ്പെരുപ്പം, അഗ്‌നിപഥ്, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് പറഞ്ഞപ്പോഴും മൈക്ക് ഓഫാക്കൽ നടന്നുവെന്നും ട്വിറ്ററിലും രാഹുൽ ചൂണ്ടിക്കാട്ടി. ഇതൊക്കെയാണ് പാർലമെൻറിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.