രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്

27 June 2023

കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ജൂൺ 29, 30 തീയതികളിലായി രണ്ട് ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബിഹാറിലെ പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.