റായ്ബറേലിയിലും രാഹുൽ ഗാന്ധി തോൽക്കുമെന്നുറപ്പാണ്: രാജീവ് ചന്ദ്രശേഖർ

single-img
3 May 2024

ജനങ്ങളുടെ രോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന് പുറമെ റായ്‌ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തന്നെ തെരഞ്ഞെടുത്തു പോന്നിരുന്ന അമേഠിയിലെ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടിയതിനാൽ അവിടെ തോൽക്കുമെന്ന് നന്നായറിയാമായിരുന്നതിനാലാണ് കഴിഞ്ഞ തവണ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി ഓടിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം വയനാട്ടിലെ ജനങ്ങൾക്കും കേരളത്തിലെ പൗരന്മാർക്കും വേണ്ടി ഒന്നും ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ ദുരിതം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിടെ സംഘർഷമുണ്ട്, അതിലൊന്നും രാഹുൽ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ല.

വയനാട്ടിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ നൈപുണ്യമുണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തില്ല, വയനാട്ടിൽ നിക്ഷേപങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്‌ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇപ്പോൾ വയനാട്ടിൽ നിന്ന് ജാമ്യമെടുത്ത് റായ്ബറേലിയിലേക്ക് മാറാൻ ആലോചിക്കുന്ന കാര്യവും തന്നെ വിശ്വസിച്ച വയനാട്ടിലെ ശുദ്ധരായ വോട്ടർമാരിൽ നിന്ന് മറച്ചു വച്ചാണ് രാഹുൽ ഗാന്ധി വീണ്ടും അവിടെ മത്സരിക്കാനെത്തിയത് എന്നിപ്പോൾ വെളിവായിരിക്കുന്നു.

നിങ്ങളെ സേവിക്കാൻ എനിക്ക് കഴിയില്ലെന്ന് വയനാട്ടിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ഔചിത്യം പോലും അദ്ദേഹം കാട്ടിയില്ല. കുടുംബ സീറ്റ് നിലനിർത്തുന്നതിന് റായ്ബറേലിയിലേക്കോടിയ രാഹുൽ വയനാട്ടിലെ ജനങ്ങളോട് കാട്ടിയത് കൊടും വഞ്ചനയാണ്. ജനങ്ങളെ വിഡ്ഢികളാക്കാം, തെറ്റിദ്ധരിപ്പിക്കാം, നുണകൾ കൊണ്ട് തീറ്റിപ്പോറ്റാം, ജനങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകാം, ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുടരാമെന്നെല്ലാം ഇപ്പോഴും വിശ്വസിക്കുന്ന കോൺഗ്രസിൻ്റെയും കോൺഗ്രസ് കുടുംബത്തിൻ്റെയും തനി സ്വഭാവമാണിത് കാണിക്കുന്നതെന്നു രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് താനിന്നും വയനാട്ടിൽ പിടിച്ചു നിൽക്കുന്നതെന്ന് അദ്ദേഹത്തിന് നന്നായറിയാം. എന്നാൽ എത്ര വോട്ടുബാങ്കുണ്ടായിട്ടും വയനാട്ടിൽ ബി ജെ പിയുടെ കെ സുരേന്ദ്രനും സി പി ഐയിലെ ആനി രാജയ്ക്കും എതിരായ കടുത്ത പോരാട്ടത്തിലാണ് രാഹുൽ ഗാന്ധി. ഇത്തവണ രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിക്കുക ദുഷ്‌കരമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം അദ്ദേഹം ഇനിയൊരിക്കലും അമേഠിയിലേക്ക് തിരിച്ചുപോകില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. സ്മൃതി ഇറാനി വളരെയധികം വികസന കാര്യങ്ങൾ ചെയ്ത അമേഠിയിൽ പോയാൽ അദ്ദേഹം വീണ്ടും തോൽക്കും. വോട്ടർമാർ സ്‌മൃതിയെ വിശ്വസിക്കുകയും അവർക്കുള്ള പിന്തുണ തുടരുകയും ചെയ്യും. അതുകൊണ്ടാണ് അമേഠി വിട്ട് കുടുംബ സീറ്റായ റായ്‌ബറേലിയിൽ രാഹുൽ കണ്ണയക്കുന്നത്.

എന്നാൽ റായ്ബറേലിയിലും രാഹുൽ ഗാന്ധി തോൽക്കുമെന്നുറപ്പാണ്, കാരണം ഇത്തരം കെട്ടിയിറക്കൽ രാഷ്ട്രീയം ഭാരതീയർ ഇനിയും ആഗ്രഹിക്കുന്നില്ല. നേതാക്കളുടെ പ്രശസ്തമായ കുടുംബപ്പേര് ഉപയോഗിക്കുക, നുണകളുടെയും വാഗ്ദാന ലംഘനങ്ങളുടെയും രാഷ്ട്രീയം കളിക്കുക ഇവയൊന്നും 2024-ലെ ഇന്ത്യയിൽ വിലപ്പോകില്ലെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.