കോണ്‍ഗ്രസ് ഹിന്ദുമതത്തെ അവഹേളിക്കുന്നത് തുടരുന്നു; രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ വൈദികരുമായി നടത്തിയ സംവാദം വിവാദമാക്കി ബിജെപി

single-img
10 September 2022

‘ഭാരത് ജോഡോ യാത്ര’ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ വൈദികരുമായി നടത്തിയ മതശാസ്ത്ര സംവാദം രാഷ്ട്രീയവിവാദമാക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി ചെയ്തത് ഹിന്ദു ദേവതയായ ശക്തിയെ അപമാനിക്കലാണെന്ന ആരോപണവുമായി ബിജെപി ദേശീയ വക്താവ് സാംബിത് പാത്ര രംഗത്തെത്തി.

കോണ്‍ഗ്രസ് പാർട്ടി പതിവ് പോലെ ഹിന്ദുമതത്തെ അവഹേളിക്കുന്നത് തുടരുകയാണെന്ന് സാംബിത് പാത്ര ആരോപിച്ചു. ‘അമ്മ എന്ന ശക്തിയുമായി ബന്ധപ്പെട്ട ഈ വിഷയമാകട്ടെ, ശ്രീരാമ ദേവൻ ജീവിച്ചിരുന്നതിന് തെളിവു ചോദിച്ചതാകട്ടെ, ഇത് ആദ്യമായല്ല കോണ്‍ഗ്രസും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹിന്ദു മതത്തിനെതിരെ അപമര്യാദയോടെ പരാമര്‍ശങ്ങള്‍ നടത്തുന്നത്,’ സാംബിത് പാത്ര പറയുന്നു.

ഇതിന്‌ ഉദാഹരണമായി പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ അടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്ത് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെക്കുകയും ചെയ്തു. പാസ്റ്റര്‍ ‘ശക്തി’യേക്കുറിച്ച് പറയുന്ന വാക്കുകള്‍ ” ഇതാണോ ഭാരത് ജോഡോ യാത്ര?'” എന്ന പരിഹാസത്തോടെയാണ് ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ക്രൈസ്തവ മത വിശ്വാസത്തിലെ ‘വിശുദ്ധ ത്രിത്വ’ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്)ത്തേക്കുറിച്ച് കൂടുതലറിയാന്‍ രാഹുല്‍ ഗാന്ധി താല്‍പര്യം കാട്ടി.

തങ്ങളുടെ സഭാ വിശ്വാസപ്രകാരം യേശു ആരാണെന്ന് ഫാ. ജോര്‍ജ് പൊന്നയ്യ രാഹുല്‍ ഗാന്ധിക്ക് വിശദീകരിച്ച് നല്‍കിയപ്പോൾ ദൈവം മനുഷ്യനായി ജനിച്ചതാണ് ക്രിസ്തുവെന്ന് പറയുന്നതിനിടെയാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ ശക്തിയേക്കുറിച്ച് താരതമ്യം ചെയ്ത് പരാമര്‍ശം നടത്തുന്നത്. ” യേശുവാണ് യഥാര്‍ത്ഥ ദൈവം. യഥാര്‍ത്ഥ മനുഷ്യനായാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. ശക്തിയേപ്പോലെയോ മറ്റോ അല്ല. ഒരു മനുഷ്യനെപ്പോലെ പിറവിയെടുത്തു”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.