അമേഠിയിലെ രാഹുൽ ഗാന്ധിയുടെ തോൽവി കോൺഗ്രസിനെഇപ്പോഴും വേദനിപ്പിക്കുന്നു: സ്‍മൃതി ഇറാനി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ താൻ പരാജയപ്പെടുത്തിയത് കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. രാഹുൽ ഗാന്ധിയെ ഞാൻ തോൽപ്പിച്ചു എന്ന വസ്തുത ഇതുവരെ അവർക്ക് അംഗീകരിക്കാനായിട്ടില്ലെന്നും സ്‍മൃതി പറഞ്ഞു.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു സ്‍മൃതി ഇറാനി. 2019 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയിൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച് സ്‍മൃതി വൻ വിജയം നേടിയത്.
‘ഭാവിയിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാവണം നേതൃത്വം. ഞങ്ങൾ മത്സര ബുദ്ധിയുള്ളവരും സഹകരണ മനോഭാവം പുലർത്തുന്നവരുമാണ്. എന്നാൽ രാഹുലിനെ അമേഠിയിൽ താൻ തോൽപ്പിച്ചെന്നത് ഇതുവരെ അംഗീകരിക്കാനാവാത്ത, അതിൽ വേദനിക്കുന്നരാണ് കോൺഗ്രസുകാർ’- സ്‍മൃതി ഇറാനി പറഞ്ഞു.
കോൺഗ്രസിന്റെ വേദനയുടെയും അസ്വസ്ഥതയുടെയും ആഴം എത്രയെന്ന് നിങ്ങൾക്ക് കരുതാനാവുമോ ? ഓരോ ദിവസവും തനിക്കെതിരെ ഒരു ട്വീറ്റുകൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ചിത്രങ്ങൾ കൊണ്ടോ എന്നെ പ്രഹരിക്കാമെന്നാണ് അവർ കരുതുന്നത്- സ്മൃതി കുറ്റപ്പെടുത്തി.