രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ പ്രസ്താവന അംഗീകരിക്കാനാകില്ല; സവര്‍ക്കര്‍ക്ക് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി ഉദ്ധവ് താക്കറെ
മുംബൈ: സവര്‍ക്കര്‍ക്ക് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.
രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ പ്രസ്താവന അംഗീകരിക്കാനാകില്ല. തങ്ങള്‍ ഇപ്പോഴും വീരസവര്‍ക്കറെ ആദരിക്കുന്നു. രാജ്യത്തിനായി സവര്‍ക്കര്‍ നടത്തിയ പോരാട്ടം തമസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ മഹാരാഷ്ടയിലെ പര്യടനത്തില്‍ ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയും പങ്കെടുത്തിരുന്നു.
സവര്‍ക്കറെ പുകഴ്ത്തുന്ന ബിജെപിയെയും താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതുവരെ സവര്‍ക്കര്‍ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കാത്തതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
മഹാരാഷ്്ട്ര മുഖ്യമന്ത്രി എകനാഥ് ഷിന്‍ഡെയുടെ സവര്‍ക്കര്‍ അനുകൂല പ്രസ്താവനയ്‌ക്കെതിരായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. താന്‍ ബ്രിട്ടീഷുകാരുടെ പാദസേവകനായി പ്രവര്‍ത്തിക്കാമെന്ന് വാക്കുകൊടുത്താണ് സവര്‍ക്കര്‍ ജയില്‍ മോചിതനായതെന്ന് രാഹുല്‍ പറഞ്ഞു. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതിയ കത്ത് സഹിതമായിരുന്നു രാഹുലിന്റെ വിമര്‍ശനം.