എസ്ഡിപിഐ പിന്തുണയെ പറ്റി രാഹുല്‍ പ്രതികരിക്കാത്തത് അപകടകരം: കെ സുരേന്ദ്രൻ

single-img
3 April 2024

നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി ദേശീയ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

രാഹുലിന്റ മൗനത്തോടെ എസ്ഡിപിഐ നിലപാട് യുഡിഎഫ് അംഗീകരിച്ചുവെന്ന് വ്യക്തമാണ്. രാജ്യത്തിന് വിനാശമായ നിലപാടാണിതെന്നും വണ്ടൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിന്റെ താത്പര്യങ്ങള്‍ കോണ്‍ഗ്രസ് ബലി കഴിക്കുകയാണ്. ഇത് ആത്മഹത്യപരമാണെന്ന് രാഹുല്‍ മനസിലാക്കണം.

നമ്മുടെ രാജ്യത്തിൻറെ വികസനവും പുരോഗതിയും തടസപ്പെടുത്താന്‍ വിദേശത്ത് പോയി പ്രചരണം നടത്തിയ ആളാണ് രാഹുല്‍. കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നിലപാട് നാടിനെതിരെയുള്ളതാണ്. അപക്വമായ ഈ നിലപാടില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്‍മാറണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേപോലെ തന്നെ ഒരു എംപി എന്ന നിലയില്‍ രാഹുല്‍ പൂര്‍ണ പരാജയമാണ്. സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. വയനാട്ടുകാര്‍ക്ക് അദ്ദേഹത്തിനെ കാണാന്‍ പോലും സാധിച്ചില്ല. ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. സിഎഎ വിഷയത്തില്‍ ആദ്യകാലത്തുണ്ടായ പ്രതിഷേധം ഇപ്പോള്‍ ഇല്ലാത്തത് മുസ്ലിം സമുദായത്തിന് കാര്യങ്ങള്‍ മനസിലായതുകൊണ്ടാണ്. മതന്യൂനപക്ഷങ്ങള്‍ വെറും വോട്ട് ബാങ്കല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മുസ്ലിംങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയനെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.