റെയില്‍വേ ബോര്‍ഡ് നാലുതവണ കത്തയച്ചിട്ടും വിശദാംശങ്ങള്‍ കൈമാറാതെ കെ-റെയിൽ


തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ റെയില്‍വേ ഭൂമി വിട്ടുകിട്ടല്‍ നിര്‍ണായകമാണെന്നിരിക്കെ വിവരങ്ങളാരാഞ്ഞ് റെയില്‍വേ ബോര്‍ഡ് നാലുതവണ കത്തയച്ചിട്ടും വിശദാംശങ്ങള്‍ കൈമാറാതെ കെ-റെയില്‍.
2020 ജൂണില്‍ ഡി.പി.ആര് സമര്‍പ്പിച്ചെങ്കിലും ബോര്‍ഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങള്‍ നല്കാന് കെ-റെയിലിന് സാധിച്ചിട്ടില്ല. പാതിവഴിയില്‍ മുടങ്ങിയ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്നതിലാണ് ധിറുതി. ഡി.പി.ആറിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള വിശദാംശങ്ങള്‍ക്കായി 2021 ജൂലൈ 11 നാണ് ആദ്യ കത്ത് കെ-റെയിലിന് നല്‍കിയത്.
ആവശ്യമുള്ള റെയില്‍വേ ഭൂമിയുടെ ലൈന്‍ ഡയഗ്രമും സ്കെച്ചും സ്റ്റേഷനുകളുടെ ഭൂമിശാസ്ത്ര വിവരങ്ങളും മാത്രം തുടക്കത്തില്‍ കെ-റെയില്‍ നല്‍കുകയായിരുന്നു. എന്നാല്‍, ഈ വിവരങ്ങള്‍ വെച്ച് മാത്രം റെയില്‍വേ ഭൂമി വിനിയോഗം സംബന്ധിച്ച് കൃത്യമായി നിഗമനത്തിലെത്താനാകില്ലെന്നും വിശദ പ്രപ്പോസല്‍ നല്‍കണമെന്നുമായിരുന്നു ബോര്‍ഡ് നിലപാട്.
ഡി.പി.ആറില്‍ റെയില്‍വേ ഭൂമിയുടെ ലൊക്കേഷന്‍ അടിസ്ഥാനപ്പെടുത്തിയ വിവരങ്ങളില്ല. നിലവിലുള്ളതും ഒപ്പം ഇനി നിര്‍ദേശിച്ചതുമായ പാത സൂചിപ്പിക്കുന്ന അലൈന്മെന്റ് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 2021 ആഗസ്റ്റ് എട്ട്, 2021 ഒക്ടോബര്‍ 22, 2022 മേയ് അഞ്ച് തീയതികളിലും ബോര്‍ഡ് കത്തയച്ചു. ഈ കത്തുവിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും രേഖകള്‍ എത്രയും വേഗം നല്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ആഗസ്റ്റ് 30നും കത്ത് നല്‍കിയിട്ടുണ്ട്.
സാമ്ബത്തിക വിഹിതമായി 2180 കോടിയും 975 കോടി രൂപ വിലവരുന്ന 185 ഹെക്ടര്‍ ഭൂമിയും അടക്കം 3125 കോടിയാണ് റെയില്‍വേ വിഹിതമായി കെ-റെയില്‍ പ്രതീക്ഷിച്ചിരുന്നത്. സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2180 കോടി വിഹിതത്തില്‍നിന്ന് റെയില്‍വേ നേരത്തേ പിന്മാറിയിരുന്നു. എങ്കിലും സംയുക്ത സംരംഭമെന്ന നിലയില്‍ 185 ഹെക്ടര്‍ ഭൂമി വിട്ടുകിട്ടുമെന്നതായിരുന്നു പ്രതീക്ഷ. ഈ വഴിയും അടയുന്ന നിലയിലാണ് സാഹചര്യങ്ങള്‍. തിരൂര്‍ മുതല്‍ കാസര്‍കോടുവരെ നിലവിലെ പാതക്ക് സമാന്തരമായി റെയില്‍വേ ഭൂമിയിലൂടെയാണ് സില്‍വര്‍ ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത്.