കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ പെയ്യും; കാലാവസ്ഥാ മുന്നറിയിപ്പ്

single-img
15 March 2023

കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുള്ള മുന്നറിയിപ്പുകള്‍ ഇങ്ങിനെ:

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം.

ഇടിമിന്നല്‍ സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഉടന്‍ വൈദ്യസഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം