ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് ‘മോക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
നിലവിൽ വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽകടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങും. കേരളത്തിനെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് കാരണമാകും.
ഇതിനെ തുടർന്നു കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.