രാജ്ഭവനെ ബി.ജെ.പി ആസ്ഥാനമാക്കി മാറ്റി; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ എംകെ സ്റ്റാലിന്‍


തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഗവര്‍ണര്‍ ഒരു ബി.ജെ.പിക്കാരനാണെന്നും ആദ്ദേഹം രാജ്ഭവനെ ബി.ജെ.പി ആസ്ഥാനമാക്കി മാറ്റിയെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ വസതിക്ക് നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.
ആക്രമണം നടന്നത് വസതിക്ക് ഉള്ളില്‍ വെച്ചാണ് നടന്നതെന്ന വ്യാജപ്രചരണം നടത്തുന്നത് രാജ്ഭവനില്‍ നിന്ന് തന്നെയാണ്. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഗവര്‍ണറുടെ വസതിക്ക് പുറത്താണ് പ്രതി പെട്രോള്‍ ബോംബെറിഞ്ഞതെന്നും അകത്തല്ലെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്യന്മാര്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ചിലയാളുകളെ കുറിച്ച് മാത്രമാണ് സംസാരിക്കാന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ദ്രാവിഡര്‍ എല്ലാവരേയും ഒരുപോലെ കാണുന്നവരാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഡി.എം.കെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട്ടില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞത്. രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.