മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രക്ഷുബ്ധമായി രാജ്യസഭ

single-img
20 December 2022

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിവാദ പരാമര്‍ശത്തില്‍ രാജ്യസഭ പ്രക്ഷുബ്ധമായി.

രാജ്യത്തിന് വേണ്ടി ബി ജെ പി ക്കാരുടെ വീട്ടില്‍ നിന്ന് ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോയെന്ന പരാമ‍ര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, പുറത്ത് നടത്തിയ പ്രസ്താവനയില്‍ സഭയില്‍ ചര്‍ച്ച വേണ്ടെന്നും ഖ‌ര്‍ഗെ വ്യക്തമാക്കി.

രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നടത്തിയ ഈ പരാമര്‍ശമാണ് ബി ജെ പി ആയുധമാക്കിയത്. രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ ഖര്‍ഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി എം പിമാര്‍ ബഹളം വെച്ചു. പ്രതിപക്ഷവും തിരിച്ചടിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന് സംസാരിക്കാന്‍ പോലും അറിയില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മ ഗാന്ധി പറഞ്ഞത് എന്തുകൊണ്ടാണെന്നതിന്‍റെ തെളിവാണിതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

എന്നാല്‍ മാപ്പ് പറയാന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തയ്യാറായില്ല. സ്വാതന്ത്ര്യസമരത്തില്‍ ബി ജെ പിക്ക് ഒരു പങ്കുമില്ലെന്ന വാദത്തില്‍ ഉറച്ച്‌ നല്‍ക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു. വിഷയത്തില്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭാ അധ്യക്ഷന്‍ ഇടപെട്ട് ഭരണപക്ഷത്തെയും പ്രതിപ്കത്തെയും നിയന്ത്രിക്കുകയായിരുന്നു. സിംഹത്തെപ്പോലെ അലറുന്നവര്‍ ചൈന വിഷയത്തില്‍ എലിയെപ്പോലയാണെന്ന ഖര്‍ഗെയുടെ പരാര്‍ശവും വിവാദമായിരുന്നു.