രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി
രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ‘ഭാരത് ജോഡോ യാത്ര’യ്ക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി. 2022 ഡിസംബർ 31-ന് എഴുതിയ കത്തിൽ, ശ്രീരാമന്റെ അനുഗ്രഹം രാഹുൽ ഗാന്ധിക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ദാസ് ആശംസിച്ചു.
കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തെ ബന്ധിപ്പിക്കുന്ന പ്രചാരണത്തിന്റെ വിജയത്തിനായി ദാസ് കത്തിൽ പ്രാർത്ഥിക്കുന്നു എന്നും, രാജ്യതാൽപ്പര്യം മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി വിജയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കോൺഗ്രസ് നേതാവിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ഉത്തർപ്രദേശിൽ നിന്ന് ഒമ്പത് ദിവസത്തെ ശീതകാല അവധിക്ക് ശേഷം പുനരാരംഭിക്കും. യാത്ര ഇതുവരെ 3000 കിലോമീറ്ററിലധികം പിന്നിട്ടു.