2024 ജനുവരി ഒന്നിന് മുൻപ് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും: അമിത് ഷാ


അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ജനുവരി ഒന്നിന് മുൻപ് പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമിത് ഷായുടെ പ്രഖ്യാപനം.
കോടതി വ്യവഹാരങ്ങളിലൂടെ രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസ് തടസ്സപ്പെടുത്തി. സുപ്രീം കോടതി വിധി വന്നതിന് ശേഷം, മോദിജി ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2024 ജനുവരി 1-ന് രാമക്ഷേത്രം തയ്യാറാകും: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
2019 നവംബർ 9ലെ സുപ്രീം കോടതി വിധിയാണ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള വഴി തുറന്നത്. 6.5 മീറ്റർ അല്ലെങ്കിൽ 21 അടി ഉയരമുള്ള സ്തംഭത്തിന്റെ നിർമ്മാണം പൂർത്തിയായതായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരുന്നു. സ്തംഭത്തിനായി, 5 അടി X 2.5 അടി X 3 അടി വലിപ്പമുള്ള ഏകദേശം 17,000 ഗ്രാനൈറ്റ് കല്ലുകൾ ഇന്റർലോക്ക് ക്രമീകരണത്തിലൂടെ ഉപയോഗിച്ചു. ഓരോ ഗ്രാനൈറ്റ് കല്ലിനും ഏകദേശം മൂന്ന് ടൺ ഭാരമുണ്ട്. സ്തംഭത്തിന്റെ മുഴുവൻ വിസ്തീർണ്ണവും ഏകദേശം 3,500 ചതുരശ്ര അടിയാണ്, ഇത് ക്ഷേത്രത്തിന്റെ അടിത്തറയാകും.
ഭരത്പൂർ ജില്ലയിലെ ബൻസി പഹാർപൂരിൽ നിന്നുള്ള രാജസ്ഥാൻ മണൽക്കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ ഉപരിഘടന നിർമ്മിക്കുന്നത്. ഏകദേശം 4.75 ലക്ഷം ക്യുബിക് അടി ഈ മണൽക്കല്ലാണ് മുഴുവൻ നിർമ്മാണത്തിനും ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന്, തറ, റെയിലിംഗ്, ഡോർ ഫ്രെയിമുകൾ, കമാനങ്ങൾ എന്നിവയ്ക്കായി രാജസ്ഥാനിൽ നിന്നുള്ള വെള്ള മക്രാന മാർബിൾ കല്ലും ഉപയോഗിക്കും.