രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

single-img
29 December 2023

സംസ്ഥാന മന്ത്രിസഭയിൽ പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനില്‍ ഒരുക്കിയ പന്തലിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒറ്റ എംഎല്‍എയുള്ള പ്രധാന ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എല്‍ഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം.

ആന്റണി രാജുവും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) അഹമ്മദ് ദേവര്‍കോവിലും (ഐഎന്‍എല്‍) സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു കോണ്‍ഗ്രസ്(എസ്), കേരള കോണ്‍ഗ്രസ്(ബി) പ്രതിനിധികള്‍ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ഇതിൽ ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകള്‍ ഗണേഷിനും അഹമ്മദ് ദേവര്‍കോവില്‍ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ലഭിച്ചേക്കും.

കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. നടന്‍ കൂടിയായ ഗണേഷ് കുമാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വഹിച്ച സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്നു താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ്. ചില സിപിഎം മന്ത്രിമാരും വകുപ്പുമാറ്റത്തിനു താല്‍പര്യം അറിയിച്ചതായാണു വിവരം.