വിദ്വേഷ പ്രസംഗം: ബാബ രാംദേവിനെതിരെ കേസ്
രാജസ്ഥാനിലെ ബാർമർ ജില്ലയിൽ പ്രകോപനപരമായ വിദ്വഷ പ്രസംഗം നടത്തിയ യോഗാ ഗുരു രാംദേവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരു വിഭാഗങ്ങൾക്കെതിരെ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ആണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രദേശവാസിയായ പതായ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൗഹത്താൻ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഐപിസി സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പർഹായ് ചൗഹതൻ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഭൂതറാം പറഞ്ഞു.
ഫെബ്രുവരി 2 ന് നടന്ന യോഗത്തിൽ, ഹിന്ദുമതത്തെ ഇസ്ലാമിനോടും ക്രിസ്ത്യാനിറ്റിയോടും താരതമ്യപ്പെടുത്തുമ്പോൾ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചിരുന്നു. ഹിന്ദുമതം അതിന്റെ അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ രണ്ട് വിശ്വാസങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.