അൽപമെങ്കിലും ധാർമികത ഉണ്ടെങ്കിൽ രഞ്ജിത്തിനെ സർക്കാർ പുറത്താക്കണം: ഡോ.ബിജു

single-img
24 August 2024

പ്രശസ്ത സംവിധായകനും കേരളാ ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ​ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ഡോ. ബിജു. ലൈംഗികാരോപണം നിസാരമായി കാണാനാകില്ല, അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു.

ഒരാൾക്കെതിരായ ലൈംഗികാരോപണം കേവലം നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയധികം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായി ലൈംഗിക ആരോപണം ഉയർന്നുവന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല . സംസ്ഥാനത്തിന്റെ സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം.

എന്നാൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ലെന്നും ഡോ. ബിജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു .