രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യം: ശ്രീലേഖ മിത്ര
നടനും സംവിധായകനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ ആരോപണം ഉയർത്തിയ ബംഗാളി നടി ശ്രീലേഖ മിത്ര. ‘രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്, രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. ധാരാളം ആളുകൾക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.
രഞ്ജിത്ത് അവസാനത്തെ ആളല്ല. രഞ്ജിത്തിനെതിരെ നിയമനടപടി സ്വീകരിക്കാനില്ല . ഈ കാണിച്ച പാത പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഇത് വരെ ആരും തന്നെ വിളിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.
‘അയാൾ ഒരു നല്ല ചലച്ചിത്രകാരനായിരിക്കാം. പക്ഷെ സ്വഭാവം തിരുത്തണം. മറ്റുള്ളവർക്ക് ഇതൊരു പാഠമാകണം. അയാൾക്ക് കുറച്ച് സമയം നൽകണം, സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം . അവരുടെ ജോലിയിൽ അവർ മിടുക്കരായിരിക്കാം. പക്ഷെ അവർ നല്ല മനുഷ്യരല്ല.
ഇവർ മറ്റുള്ളവർ ചെയ്തതിനെ പിന്തുടരുകയാണ്. അങ്ങിനെ ഒരു സാധാരണ ശീലമാവുകയാണ് സിനിമ വ്യവസായത്തിൽ. ജനങ്ങൾ അതിനെതിരെ ശബ്ദം ഉയർത്തിയിട്ടില്ല. അതാണ് പ്രശ്നം. അയാൾ നല്ല ചലച്ചിത്രകാരനാണ് അതിനാൽ ഇനി മേലിൽ സിനിമ നിർമ്മിക്കുവാൻ കഴിയാത്ത വിധത്തിൽ അത്ര ശക്തമായ ശിക്ഷ നൽകണമെന്നില്ല, ശ്രീലേഖ അഭിപ്രായപ്പെട്ടു.