കൊൽക്കത്തയിൽ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
18 August 2024
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും.
കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകും. ഈ ഓഗസ്റ്റ് ഒൻപതിനാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്.
പക്ഷെ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചു. കേസിൽ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സർക്കാരിനെയും നിശിതമായി വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.