ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് രശ്മി ദേശായ്

single-img
1 August 2024

താൻ ജീവിതത്തിൽ കടന്നുപോന്ന വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് ഹിന്ദി സീരിയല്‍-സിനിമാ നടി രശ്മി ദേശായ്. നടന്‍ നന്ദീഷ് സന്ധുവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് രശ്മിയുടെ ജീവിതത്തില്‍ പ്രയാസകരമായ സംഭവങ്ങള്‍ നടന്നത്.

ആ സമയം സ്വന്തമായി വീട് പോലും ഇല്ലാതിരുന്നതിനാൽ ആകെയുള്ള സമ്പാദ്യമായി ഔഡി കാറില്‍ കഴിയേണ്ടി വന്നു എന്നാണ് നടി പറയുന്നത്. ആ പ്രതിസന്ധിയിൽ സുഹൃത്തുക്കളോ കുടുംബമോ ഒന്നും സഹായിച്ചിരുന്നില്ല. ആ സമയത്ത് ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പ എടുത്തിരുന്നു. കൂടാതെ, എനിക്ക് ആകെ 3.25-3.5 കോടി രൂപ കടം ഉണ്ടായിരുന്നു.

കാര്യങ്ങൾ എല്ലാം ശരിയാകുമെന്ന് ഞാന്‍ കരുതി. പക്ഷേ എന്റെ ഷോ പെട്ടെന്ന് നിര്‍ത്തിയതോടെ ഞാന്‍ പെട്ടു. ഏകദേശം നാല് ദിവസം ഞാന്‍ റോഡിലായിരുന്നു, എനിക്ക് അപ്പോൾ ഒരു ഔഡി എ6 ഉണ്ടായിരുന്നു, ഞാന്‍ ആ കാറില്‍ ഉറങ്ങും. എന്റെ എല്ലാ സാധനങ്ങളും എന്റെ മാനേജരുടെ വീട്ടിലായിരുന്നു.

ഈ ദിവസങ്ങളിൽ ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു. വിശക്കുമ്പോൾ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു അത്. കടം വീട്ടാനായി ഒടുവില്‍ ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു. അതിനുശേഷം സിദ്ധാര്‍ത്ഥ് ശുക്ലയ്ക്കൊപ്പം അഭിനയിച്ച ‘ദില്‍ സേ ദില്‍ തക്’ എന്ന ഷോ ലഭിച്ചതോടെ കാര്യങ്ങള്‍ മാറി തുടങ്ങി.

പിന്നാലെ ഒരു ഇന്നോവ വാങ്ങി, ഇനിയും ഇതുപോലെയുള്ള അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം. ഔഡിയില്‍ ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് രശ്മി ദേശായ് പറയുന്നത്. ഹിന്ദി ബിഗ് ബോസ് സീസണ്‍ 13ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം കൂടിയാണ് രശ്മി.