അസമിൽ ആയുധ പരിശീലന ക്യാമ്പുമായി രാഷ്ട്രീയ ബജ്‌റംഗ് ദൾ; കേസെടുത്ത് പൊലീസ്
അസമിലെ ദരംഗ് ജില്ലയിലുള്ള ഒരു സ്കൂൾ ഗ്രൗണ്ടിൽ രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രവർത്തകർ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ മാസം 24 മുതൽ 30 വരെയായിരുന്നു പരിശീലന ക്യാമ്പ്.
ഏകദേശം 350 ഓളം യുവാക്കളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. വിവിധ തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, സ്വയം പ്രതിരോധം എന്നിവ യുവാക്കളെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്ത പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
“ലൗ ജിഹാദിനെ” നേരിടാനായി കേഡർമാരെ പരിശീലിപ്പിക്കുക എന്നതാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ആരോപണം. അതേസമയം, സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നേരത്തെ കത്തയച്ചിരുന്നു.
ക്യാംപിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സെക്ഷൻ 153 എ/34 ഐപിസി (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.