വില്‍പത്രത്തില്‍ വളര്‍ത്തുനായയ്ക്ക് ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി രത്തൻ ടാറ്റ

single-img
25 October 2024

തന്റെ വില്‍പത്രത്തില്‍ വളര്‍ത്തുനായയ്ക്ക് ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി രത്തൻ ടാറ്റ. പ്രിയപ്പെട്ട വളർത്തുനായ ടിറ്റോയെ അതിന്റെ ജീവിതകാലം മുഴുവൻ പരിചരിക്കണമെന്നാണ് വിൽപത്രത്തിൽ രത്തൻ ടാറ്റ പറയുന്നത്. ഇതിനു പുറമെ ദീര്‍ഘകാലമായി ടാറ്റയ്ക്കൊപ്പം നിന്ന് നായ്ക്കളെ പരിചരിക്കുന്ന രാജന്‍ ഷാ ആ സ്ഥാനത്ത് തുടരണമെന്നും വില്‍പത്രത്തില്‍ പറയുന്നുണ്ട്.

സ്വന്തം വളർത്തുമൃഗങ്ങൾക്കായി സമ്പത്ത് നീക്കിവയ്ക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണയാണെങ്കിലും ഇന്ത്യയിൽ ഇത് അപൂർവമാണ്. പാചകക്കാരൻ സുബ്ബയ്യയേയും വിൽപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹവുമായി മൂന്ന് പതിറ്റാണ്ടിലേറെയായി അടുത്ത ബന്ധമുള്ളയാളാണ് സുബ്ബയ്യ.

ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ശന്തനു നായിഡുവിന് ലഭിക്കേണ്ടതിനെ കുറിച്ചും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായിഡുവിന്‍റെ സംരംഭമായ ഗുഡ്ഫെല്ലോസിലെ തന്‍റെ ഓഹരി രത്തന്‍ ടാറ്റ ഉപേക്ഷിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ വിദേശ വിദ്യാഭ്യാസ വായ്പകളും ഒഴിവാക്കി. സഹോദരന്‍ ജിമ്മി ടാറ്റ, അര്‍ധ സഹോദരിമാരായ ഷിറിന്‍, ഡീന ജെജീബോയ്, ഏതാനും സ്റ്റാഫുകള്‍ എന്നിവരുൾപ്പെടെയുള്ള പേരുകളാണ് വിൽപ്പത്രത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിലെ അലിബാഗിലെ 2,000 സ്ക്വയർഫീറ്റ് വരുന്ന ബീച്ച് ബംഗ്ലാവ്, മുംബൈ ജുഹുവിലെ താരാ റോഡിലുള്ള ഇരുനില വസതി, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം എന്നിവ അദ്ദേഹത്തിൻ്റെ 10,0000 കോടിയുടെ ആസ്തിയിൽ ഉൾപ്പെടുന്നു. 165 ബില്യൺ ഡോളറുള്ള ടാറ്റ ഗ്രൂപ്പിൻ്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്‍റെ 0.83% ഓഹരിയും അദ്ദേഹത്തിനുണ്ട്.

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ഓഹരികള്‍ കൈമാറുന്ന ടാറ്റ ഗ്രൂപ്പിന്‍റെ പാരമ്പര്യം അനുസരിച്ച്, ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്‍റെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷന് (ആര്‍ടിഇഎഫ്) കൈമാറും. ടാറ്റ മോട്ടോഴ്‌സ് ഉൾപ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളിലെ രത്തൻ ടാറ്റയുടെ ഓഹരികളും ആർടിഇഎഫിനു കൈമാറും. രത്തന്‍ ടാറ്റയുടെ വില്‍പ്പത്രം ബോംബെ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും നടപ്പിലാക്കുക.