സർവർ തകരാർ പരിഹരിച്ചു; ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം നാളെ മുതൽ
കേരളത്തിലെ ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം നാളെ മുതൽ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇ-പോസ് സർവറിലെ തകരാർ പരിഹരിച്ച സാഹചര്യത്തിൽ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററാണ് കേരളത്തിനെ അറിയിച്ചത്.
നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ഏഴ് ജില്ലകളിലുമായാണ് ഇ-പോസ് മുഖേനയുള്ള റേഷൻ വിവതരണം നടത്തുന്നത്. നാളെ രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഏഴു മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലുമായിരിക്കും വിതരണം നടക്കുക.
അടുത്തമാസം 3 വരെ ഈ സമയ ക്രമം തുടരും. ഈ മാസത്തെ റേഷൻ വിതരണം മെയ് അഞ്ച് വരെ ഉണ്ടായിരിക്കുമെന്നും ആറാം തീയതി മുതലായിരിക്കും മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.