പിടിച്ചെടുത്ത 500 കിലോയിലധികം കഞ്ചാവ് എലി തിന്നതായി യുപി പോലീസ്; തെളിവ് ഹാജരാക്കാന്‍ കോടതി

single-img
24 November 2022

പരിശോധനയിൽ പിടിച്ചെടുത്ത 500 കിലോയിലധികം വരുന്ന കഞ്ചാവ് എലി തിന്നുവെന്ന വിചിത്രവാദം കോടതിയിലുന്നയിച്ച് യുപി പോലീസ്. നേരത്തെ സമാന രീതിയിൽ റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന വിശദീകരണം വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ വാദം.

യുപിയിലെ മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ് അറിയിച്ചത്. കുറ്റവാളികളുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ അക്രമിയെ ഭയപ്പെടുത്താന്‍ യു.പിയിലെ പോലീസുകാര്‍ വെടിവെക്കുന്ന ശബ്ദമുണ്ടാക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.

1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എന്‍ഡിപിഎസ്) അനുസരിച്ച് പിടികൂടിയ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി ആവശ്യപ്പെട്ടിരുന്നു. ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്.

അതേസമയം എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കേട്ട കോടതി. പോലീസ് വാദം വിലയ്‌ക്കെടുത്തില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പോലീസുകാരോട് കോടതി ആവശ്യപ്പെട്ടു.