ദുരന്തബാധിത പ്രദേശത്തിൽ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചു; പ്രധാനമന്ത്രിക്ക് പരാതി നൽകി

single-img
3 August 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ മോഹൻലാലിനൊപ്പം എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഇന്ത്യൻ ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു എന്നുമാണ് പരാതി. സൈന്യത്തില്‍ നിന്നും വിരമിച്ച ആര്‍ എ അരുണ്‍ എന്നയാളാണ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവര്‍ക്ക് പരാതി നല്‍കിയത്.

മേജര്‍ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തുന്നതാണ്. ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം നടത്തി മേജര്‍ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുണ്‍ പരാതിയിലൂടെ ആവശ്യപ്പെട്ടത്.

സിവിലിയൻസിനു സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് മേജര്‍ രവിയുടെ പ്രവര്‍ത്തി. ഇത് ഒട്ടനവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാണ്. മേജര്‍ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ സൈനിക യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു.