എഡിജിപി അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
12 September 2024
ആരോപണ വിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം.
ഡിജിപി നൽകിയ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ട് തന്നെ കേസ് അന്വേഷിക്കും . അതേസമയം, ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എം ആര്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.