സനാതന ധർമ്മ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 262 പേര്‍ കത്തയച്ചു

single-img
5 September 2023

തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 262 പേര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. തെലുങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ശ്രീധര്‍ റാവു ഉള്‍പ്പെടെ വിരമിച്ച 14 ജഡ്ജിമാരും 130 ബ്യൂറോക്രാറ്റുകളും, 20 അംബാസഡര്‍മാരും, 118 സായുധസേന ഓഫീസര്‍മാരും ഉള്‍പ്പെടെ 262 പേരാണ് ഇത്തരത്തിൽ ഒരു കത്തയച്ചത്.

ഉദയനിധിക്കെതിരെ സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസ് എടുക്കണമെന്നാണ് കത്തിലെ ആവശ്യം. വിവാദ പ്രസംഗം സമൂഹത്തിൽ വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നാണ് കത്തിലെ ആരോപണം. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശമെന്നും, തന്റെ വിദ്വേഷ പ്രസംഗത്തില്‍ ഉദയനിധി മാപ്പ് പറഞ്ഞിട്ടില്ലെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഴ്ചയിൽ ചെന്നൈയില്‍ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. ”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്.”- ഇതായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.