‘കുഴികുത്തി കഞ്ഞി നൽകൽ ‘ ; നടന്‍ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി- വർഗ കമ്മീഷൻ
തൊഴിലാളികൾക്ക് കുഴികുത്തി കഞ്ഞി നൽകിയതിനെ പുകഴ്ത്തുന്ന പരാമർശംഅഭിമുഖത്തിൽ നടത്തിയ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി- വർഗ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
മുൻപ് തന്റെ വീട്ടിൽ പണിക്കു വന്നിരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്നും പ്ലാവില ഉപയോഗിച്ച് അവർ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പരാമർശം. ഈ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്. ദിശ എന്ന സംഘടനയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് കൃഷ്ണകുമാറിനെതിരെയുള്ള നടപടി.
സമൂഹത്തിലെ ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയിൽ പരാതി നൽകിയത്.