ദുരിതാശ്വാസ ചെലവ്; അസത്യ പ്രചരണം നടത്തുന്നവര്‍ അത് പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം: മന്ത്രി മുഹമ്മദ് റിയാസ്
വയനാട്ടിലെ ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ ചെലവ് കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ നുണയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അസത്യ പ്രചരണം നടത്തുന്നവര്‍ അത് പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇതോടൊപ്പം, ദുരിതാശ്വാസ കണക്ക് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാരായ എംബി രാജേഷും കെ രാജനും രംഗത്തെത്തി. ദുരന്ത ബാധിതർക്ക് ആവശ്യമായ സഹായധനത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ പട്ടിക യഥാര്‍ത്ഥ ചെലവായി കാണിച്ചാണ് പ്രതിപക്ഷം അപകീര്‍ത്തി പ്രചാരണം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത് .
എന്നാൽ, ഓരോ ഇനത്തിനും വന്‍ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. പക്ഷെ ഓരോ മേഖലയിലും ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണ് പുറത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
ദുരന്തനിവാരണം തൊണ്ണൂറ് ദിവസം നീണ്ടാൽ ഓരോ ദൗത്യത്തിനും ഇത്രരൂപ ചെലവ് വരാം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിവേദനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് അയച്ച നിവേദനത്തിന്റെ കോപ്പിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിലെ വിവരങ്ങളാണ് ദുരന്തനിവാരണത്തിന് ചെലവായ തുക എന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.