മതമൈത്രിയാണ് വയനാടിന്റെ സൗന്ദര്യം; ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടില്ല: പ്രിയങ്ക ഗാന്ധി
ബിജെപിയെ കടന്നാക്രമിച്ച് സുൽത്താൻ ബത്തേരിയിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ മതേതരത്വത്തിൻ്റെ സൗന്ദര്യമാണ് കാണാൻ കഴിയുന്നത്.
മതമൈത്രിയുടെ സൗന്ദര്യം വയനാട്ടിൽ കാണാൻ സാധിക്കുന്നുവെന്നും ബിജെപിയുടെ വിഷം വയനാട്ടുകാർ തൊട്ടിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. നിർണായക ഘട്ടത്തിൽ മണ്ഡലത്തിലെ ജനങ്ങൾ രാഹുൽ ഗാന്ധിക്ക് നൽകിയ പിന്തുണയും പ്രിയങ്ക അനുസ്മരിച്ചു. രാഹുൽ ഗാന്ധിയെ തകർക്കാൻ വലിയ രീതിയിലുള്ള പ്രചരണമായിരുന്നു നടന്നത്. ഒരു ഘട്ടത്തിൽ തൻ്റെ സഹോദരൻ്റേത് ഒറ്റപ്പെട്ട യാത്രയായിരുന്നു. ബിജെപിയെ എതിർത്തത് രാഹുൽ ഗാന്ധി മാത്രമായിരുന്നു.
രാഹുൽ ഗാന്ധിക്ക് അതിനുള്ള ശക്തി നൽകിയത് വയനാട്ടുകാരാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. ഭിന്നിപ്പിന്റെയും വ്യവസായികളെ സഹായിക്കുന്നതുമായ രാഷ്ട്രീയമാണ് ബിജെപിയുടെ രാഷ്ട്രീയം. ബിജെപിയുടെ നയം കാരണം രാജ്യത്തിലെ കർഷകർ കഷ്ടപ്പെടുകയാണ്. പ്രിയങ്ക ജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ബിജെപിക്കാർ എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
തൻ്റെ മുത്തശ്ശി ഇന്ദിര ഗാന്ധിക്ക് ആദിവാസി സമൂഹത്തിനോട് വലിയ ബഹുമാനവും പൊതുയോഗത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പങ്കുവച്ചു. ആദിവാസി സമൂഹത്തിന്റെ ജീവിത രീതിയാണ് യഥാർത്ഥ ജീവിത രീതിയെന്ന് ഇന്ദിര ഗാന്ധി പറയുമായിരുന്നു.
ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അവർ ഒരുപാട് പദ്ധതികൾ നടപ്പിലാക്കി. ഇന്ദിരാ ഗാന്ധി നൽകിയ അവകാശങ്ങളെയാണ് ഇപ്പോൾ ബിജെപി ആക്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബിജെപി ആദിവാസി സമൂഹത്തിന്റെ ഭൂമി സമ്പന്നർക്ക് നൽകുന്നുവെന്നും വനാവകാശ നിയമത്തിൽ ബിജെപി വെള്ളം ചേർക്കുന്നുവെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.