മതപരമായ പേരുകളും ചിഹ്നങ്ങളും; രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

single-img
1 May 2023

രാജ്യത്ത് മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതിനെ തുടർന്ന് പരാതിക്കാരനായ യുപി സ്വദേശി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി ഹര്‍ജി പിന്‍വലിച്ചു. റിസ്വി നൽകിയ ഹര്‍ജി തള്ളണമെന്ന് ലീഗിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇന്ത്യയിൽ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പക്ഷെ ഈ ആവശ്യത്തോട് കോടതി അനുകൂലമായി പ്രതികരിച്ചില്ല.

ഇതിനെ തുടർന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ സമാനമായ ആവശ്യം ഉള്‍ക്കൊള്ളുന്ന ഹര്‍ജിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിച്ചത്.സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയിൽ ഹാജരായത്.