കേന്ദ്ര മന്ത്രിസഭാ പുന:സംഘടന; സുരേഷ് ഗോപി ഇടം നേടാന്‍ സാധ്യത വർദ്ധിക്കുന്നു


അടുത്തുതന്നെ നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ കേരളത്തിൽ നിന്നും സുരേഷ് ഗോപി ഇടം നേടാന്‍ സാധ്യതയേറി. കഴിഞ്ഞ വർഷം ഏപ്രില്‍ വരെ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിയും കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ട്.
നേരത്തെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സുരേഷ് ഗോപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ വീണ്ടും താരം പരാജയപ്പെട്ടു.അതുകൊണ്ടുതന്നെ തൃശ്ശൂരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ സുരേഷ് ഗോപിക്ക് ഒരുപക്ഷെ ലോക്‌സഭയിലേക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. അതിനായി കേന്ദ്ര മന്ത്രിപദം സഹായിക്കുമെന്ന് അവര്‍ കരുതുന്നുണ്ട്.
കേരളത്തിൽ നിന്നും തിരുവനന്തപുരമാണ് സുരേഷ് ഗോപിക്ക് വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മണ്ഡലമായി കേന്ദ്ര നേതൃത്വം കാണുന്നത്. ഏതെങ്കിലും കാരണത്താൽ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൃശ്ശൂരിൽ നിന്നും തന്നെയാവും സുരേഷ് ഗോപി മത്സരിക്കുക .
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി സാന്നിദ്ധ്യമറിയിക്കാന്‍ കുറച്ചു കാലമായി ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ നിന്നും രണ്ട് മലയാളികളാണ് കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. വി മുരളീധരനും രാജീവ് ചന്ദ്രശേഖറും.