രാജിവെക്കല്‍ ഒളിച്ചോട്ടം; നട്ടെല്ല് നിവര്‍ത്തി പ്രതിരോധിക്കുകയാണ് വേണ്ടത്: ജഗദീഷ്
മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളുമടക്കം രാജിവെക്കാനുള്ള തീരുമാനം എറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം. രാജിക്ക് മുമ്പ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ താരങ്ങള്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്‍ നടന്നു.
ഇത്തരത്തിൽ ഒരു രാജിവെക്കല്‍ ഒളിച്ചോട്ടമാകുമെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. നട്ടെല്ല് നിവര്‍ത്തി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ ജഗദീഷ് അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെ ജഗദീഷിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തി. യുവനിരയിലെ വനിതാ താരങ്ങളടക്കമാണ് ജഗദീഷിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനം കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ ജഗദീഷിനെ വിമര്‍ശിച്ച് ചില മുതിര്‍ന്ന താരങ്ങളും രംഗത്തെത്തി. കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത് ആരെന്ന് ഓരോരുത്തരും ചിന്തിച്ചാല്‍ മതിയെന്നായിരുന്നു വിമര്‍ശനം. സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്.