പന്ത്രണ്ടു വയസ്സുകാരി നായയുടെ കടിയേറ്റ് മരിച്ചതിൽ ധാർമിക ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്: രമേശ് ചെന്നിത്തല


നായയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ റാന്നിയിലെ പന്ത്രണ്ടു വയസ്സുകാരി മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രിക്കെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സംഭവം നടന്നത് സ്വന്തം ജില്ലയിലായിട്ടും മന്ത്രി ഗൗരവമായി എടുത്തില്ലെന്നും കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാഞ്ഞത് വാക്സിന്‍റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽത്തന്നെ പേവിഷവാക്സിന്‍റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും ആരോഗ്യവകുപ്പ് മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാനിന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.